Thursday, September 25, 2008

വരുന്നോ... മൂലമറ്റത്തേക്ക്..!?

ജീവിത യാത്രയുടെ വര്‍ത്തമാന പര്‍വ്വം ഈ മലയോര ഗ്രാമത്തിലാണ്.
മലയും പുഴയും അതിരിടുന്ന മൂലമറ്റം എന്ന മലയോര ഗ്രാമം. കേരളത്തില്‍ വൈദ്യുതി ഉല്‍പ്പാദനവും പ്രസരണവും വിതരണവുമൊക്കെ നടത്തുന്ന “പേരറിയാത്ത” സ്ഥാപനത്തില്‍ സബ് എഞ്ചിനീയര്‍ എന്ന വേഷമാണ് ആടി
ക്കൊണ്ടിരിക്കുന്നത്.
വരുന്നോ ഈ നാടു കാണാന്‍...
ങേ... എന്താ..? വന്നാലെന്തെല്ലാം കാണാമെന്നോ..?പൂക്കളെ ചുംബിക്കുന്ന പൂമ്പാറ്റകളെക്കാണാം...


മഞ്ഞണിഞ്ഞ മഞ്ഞപ്പൂക്കളെ കാണാം...


പേരരിയാത്ത ഒരു നൂറു പൂക്കളെക്കാണാം...
ഈ പൂവിന്റെ പേര് “ഷിബു” - ഞാനിട്ട പേരാണ്. എങ്ങനെയുണ്ട്?



ദാ.. അങ്ങു ദൂരെ ഒരു വെള്ളച്ചാട്ടം കാണാം... അടുത്തു കാണണമെങ്കില്‍ വാ... കുറച്ചു യാത്ര ചെയ്യണം... ഇലപ്പള്ളി വരെ.
ദാ.. ഇതാണ് നമ്മള്‍ മുകളില്‍ വച്ചു കണ്ട സാക്ഷാല്‍ ഇലപ്പള്ളി വെള്ളച്ചാട്ടം.
ദേ... കാഴ്ച്ചകള്‍ കണ്ടു ചുറ്റിത്തിരിയുന്നതൊക്കെക്കൊള്ളാം... അതിരുകള്‍ ലംഘിക്കരുത്.
കാഴ്ചകള്‍ കണ്ടു നടന്നു തളര്‍ന്നോ..?
ഇതു നമ്മുടെ സ്വന്തം പാര്‍പ്പിടം (കുറച്ചു കാലത്തേക്കെങ്കിലും).
ഇവിടെ വിശ്രമിക്കാം...

ആട്ടെ, എപ്പോഴാ ഇതുവഴി ഒന്നു വരിക..?

Tuesday, May 13, 2008

ഈ പൂവിന്റെ പേരറിയുമോ...?

നാട്ടിലൊരു ജോലി കിട്ടി. അങ്ങനെ അന്യനാട്ടിലെ പണി വേണ്ടെന്നു വച്ചു. പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന്റെ ഇടവേളയില്‍ മൂന്നാലു ദിവസം വീട്ടിലിരിക്കുകയാ...
വെറുതേയിരുന്നു ബോറടിച്ചപ്പോള്‍ പറമ്പിലേക്കൊന്നിറങ്ങി. കറങ്ങി നടക്കുമ്പോള്‍ അവിടെയതാ ഒരു ചുവപ്പുനിറം. അല്ലെങ്കിലും പണ്ടേ നിറങ്ങള്‍ , ഐ മീന്‍ കളേഴ്‌സ് എന്റെയൊരു വീക്ക്നെസ്സാണ്. നല്ല വീക്കു കിട്ടാത്തതിന്റെ കുറവാണെന്നല്ലേ ഇപ്പൊ മനസ്സില്‍ വിചാരിച്ചത്! ഹ്‌മ്...


അടുത്തു ചെന്നപ്പോളതാ ഒരു കാട്ടു ചെടി പൂത്തു നില്‍ക്കുന്നു. ഒരൊറ്റ പൂവ്.
പേരറിയാത്ത പൂവ്!



സൂക്ഷിച്ചു നോക്കിയപ്പോള്‍ പൂവല്ല; ഒരു പൂങ്കുല!

നൂറുകണക്കിനു കുഞ്ഞു കുഞ്ഞു പൂക്കള്‍!

ഓരോ പൂക്കളും എത്ര മനോഹരം! കാട്ടു ചെടിയില്‍ പോലും ഈശ്വരന്റെ ഒരു കരവിരുത്!


ഈശ്വരാ... നീയെത്ര വലിയവന്‍!
...................................................................................................................................
ഈ പൂവിന്റെ പേരെന്തെന്നറിയുമോ ബൂലോകരേ..? ഒന്നു പറഞ്ഞു തരാമോ...?
പടങ്ങളില്‍ ക്ലിക്കിയാല്‍ വലുതായിക്കാണാംട്ടോ...

Saturday, March 8, 2008

തമിഴകക്കാഴ്ച...!!!

ഇപ്പോള്‍ തമിഴകത്താണു ജോലി. പവര്‍ഗ്രിഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ തിരുനെല്‍വേലിയില്‍ നിന്ന് കേരളത്തിലെ ഇടമണിലേക്ക്‌ നിര്‍മ്മിക്കുന്ന 400 & 220 കെ.വി.മള്‍ട്ടി സര്‍ക്യൂട്ട്‌ ലൈനിന്റെ ഇന്‍സ്പെക്ഷനിറങ്ങിയതാണ്‌.
കൊടും വെയിലില്‍ അല്‍പ്പനേരം ഇളവേല്‍ക്കാനായി വഴിയരികിലെ തോപ്പിലേക്കിറങ്ങി,ഞാനും സുഹൃത്ത്‌ മധുകുമാറും. ഒരുവശത്തു നാരകത്തോട്ടം, മറുവശത്ത്‌ കശുമാവിന്‍ തോട്ടം. വാചകമടിച്ചിരിക്കുമ്പോള്‍ തൊട്ടടുത്തെവിടെയോ ഇലയനക്കം! ചുറ്റും നോക്കി. ഇടതൂര്‍ന്ന നാരകത്തോട്ടത്തിനിടയില്‍ എന്തോ നിറപ്പകര്‍ച്ച! ശബ്ദമുണ്ടാക്കാതെ അതിനടുത്തേക്കു നടന്നു. നോക്കുമ്പോഴുണ്ട്‌, അങ്ങു ദൂരെ ഒരു മയില്‍..!

ഞങ്ങളുടെ സാമീപ്യം അവന്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. പതുക്കെ മുങ്ങാനാണു തീരുമാനമെന്നു തോന്നുന്നു.
ഞാനാരാ മോന്‍! അങ്ങനങ്ങു വിടാന്‍ പറ്റുമോ? പിന്നാലെ വച്ചുപിടിച്ചു.ഓ! ഒരാള്‍ കൂടിയുണ്ട്‌!!
അവരോടാന്‍ തുടങ്ങി.... പിന്നാലെ ക്യാമറയും തൂക്കി ഞാനും...
കശുമാവിന്‍ തോട്ടത്തിനകത്തേക്ക്‌ ഒളിക്കാന്‍ നോക്കുവാ...!? വിടില്ല ഞാന്‍.


തോറ്റു!മയില്‍ കുമാരന്മാര്‍ മുങ്ങി.
ദേ..നോക്കിയേ എന്താ ആ പനയുടെ ചോട്ടില്‍...?!

മയിലിന്റെ മുട്ട! നാലെണ്ണം...
ഭാഗ്യമുണ്ടെങ്കില്‍ മയില്‍ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കാം...