Saturday, March 8, 2008

തമിഴകക്കാഴ്ച...!!!

ഇപ്പോള്‍ തമിഴകത്താണു ജോലി. പവര്‍ഗ്രിഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ തിരുനെല്‍വേലിയില്‍ നിന്ന് കേരളത്തിലെ ഇടമണിലേക്ക്‌ നിര്‍മ്മിക്കുന്ന 400 & 220 കെ.വി.മള്‍ട്ടി സര്‍ക്യൂട്ട്‌ ലൈനിന്റെ ഇന്‍സ്പെക്ഷനിറങ്ങിയതാണ്‌.
കൊടും വെയിലില്‍ അല്‍പ്പനേരം ഇളവേല്‍ക്കാനായി വഴിയരികിലെ തോപ്പിലേക്കിറങ്ങി,ഞാനും സുഹൃത്ത്‌ മധുകുമാറും. ഒരുവശത്തു നാരകത്തോട്ടം, മറുവശത്ത്‌ കശുമാവിന്‍ തോട്ടം. വാചകമടിച്ചിരിക്കുമ്പോള്‍ തൊട്ടടുത്തെവിടെയോ ഇലയനക്കം! ചുറ്റും നോക്കി. ഇടതൂര്‍ന്ന നാരകത്തോട്ടത്തിനിടയില്‍ എന്തോ നിറപ്പകര്‍ച്ച! ശബ്ദമുണ്ടാക്കാതെ അതിനടുത്തേക്കു നടന്നു. നോക്കുമ്പോഴുണ്ട്‌, അങ്ങു ദൂരെ ഒരു മയില്‍..!

ഞങ്ങളുടെ സാമീപ്യം അവന്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. പതുക്കെ മുങ്ങാനാണു തീരുമാനമെന്നു തോന്നുന്നു.
ഞാനാരാ മോന്‍! അങ്ങനങ്ങു വിടാന്‍ പറ്റുമോ? പിന്നാലെ വച്ചുപിടിച്ചു.ഓ! ഒരാള്‍ കൂടിയുണ്ട്‌!!
അവരോടാന്‍ തുടങ്ങി.... പിന്നാലെ ക്യാമറയും തൂക്കി ഞാനും...
കശുമാവിന്‍ തോട്ടത്തിനകത്തേക്ക്‌ ഒളിക്കാന്‍ നോക്കുവാ...!? വിടില്ല ഞാന്‍.


തോറ്റു!മയില്‍ കുമാരന്മാര്‍ മുങ്ങി.
ദേ..നോക്കിയേ എന്താ ആ പനയുടെ ചോട്ടില്‍...?!

മയിലിന്റെ മുട്ട! നാലെണ്ണം...
ഭാഗ്യമുണ്ടെങ്കില്‍ മയില്‍ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കാം...